ഒരു വ്യക്തിക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ ഉത്തരവ് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കർണാടക ആരോഗ്യവകുപ്പ്. മാരകരോഗികൾക്ക് അന്തസ്സോടെ മരിക്കാൻ അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാനാണ് കർണാടകയുടെ തീരുമാനം. കേരളം കഴിഞ്ഞാൽ ഈ നിർദേശം നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്ലാത്തവരെയും, ജീവൻ നിലനിർത്താനുള്ള ചികിത്സയിൽ നിന്ന് പ്രയോജനം ലഭിക്കാത്ത രോഗികളെയും ഇത് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഇൻസ്റ്റാഗ്രാമിൽ വ്യക്തമാക്കി. കൂടാതെ ഭാവിയിൽ ചികിത്സ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് രോഗിയുടെ ആഗ്രഹം രേഖപ്പെടുത്തുന്ന ‘ലിവിങ് വിൽ’ അഥവാ അഡ്വാൻസ് മെഡിക്കൽ ഡിറെക്ടീവും (എ.എം.ഡി.) സർക്കാർ പാസാക്കിയാതായി അദ്ദേഹം കുറിച്ചു. സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ആകാത്ത അവസ്ഥയിൽ കിട്ടേണ്ട ചികിത്സയാണ് മുൻകൂട്ടി രേഖപ്പെടുത്തിവയ്ക്കുന്നത്. തനിക്ക് കിട്ടേണ്ട ചികിത്സ, ഐ.സി.യു., വെന്റിലേറ്റർ പ്രവേശനം, വേദനനിയന്ത്രണം തുടങ്ങിയ കാര്യങ്ങളാണ് ലിവിങ് വില്ലിൽ രേഖപ്പെടുത്തേണ്ടത്. 2023 ജനുവരി 24-ന്, സുപ്രീം കോടതി, ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ജീവിക്കാനുള്ള അവകാശം പോലെ തന്നെ അന്തസ്സോടെ മരിക്കാനുള്ള അവകാശത്തെ ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.