എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡേകെയർ കാൻസർ സെന്‍ററുകൾ സ്ഥാപിക്കുന്നതിനായി ജില്ല ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള സർവേ ആരംഭിച്ചതായി റിപ്പോർട്ട്

മൂന്ന് വർഷത്തിനകം എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡേകെയർ കാൻസർ സെന്‍ററുകൾ സ്ഥാപിക്കുന്നതിനായി ജില്ല ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള സർവേ ആരംഭിച്ചതായി റിപ്പോർട്ട്. 3,200 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എല്ലാ ജില്ല ആശുപത്രികളിലെയും അടിസ്ഥാന സൗകര്യങ്ങൾ അവലോകനം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഈ ജില്ലാ ആശുപത്രികളെ സമീപിക്കുന്ന കാൻസർ രോഗികളുടെ ‍എണ്ണവും വിലയിരുത്തും. 4 മുതൽ 6 കിടക്കകളുള്ള കേന്ദ്രങ്ങളാണ് ചികിത്സക്കായി സജ്ജീകരിക്കുക. കീമോതെറാപ്പി നൽകുന്നതിനും കാൻസർ പ്രതിരോധ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എല്ലാ ജില്ല ആശുപത്രികളിലും ഡേകെയർ കാൻസർ സെന്‍ററുകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കുമെന്നും ഇതിൽ 200 എണ്ണം 2025-26ൽ സ്ഥാപിക്കുമെന്നുമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. ഇത് കൂടുതൽ രോഗികൾക്ക്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് മികച്ച കാൻസർ പരിചരണം ലഭ്യമാക്കാൻ ഇടയാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.