സ്ത്രീകളിലെ അര്‍ബുദം മുന്‍കൂട്ടി കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന കാമ്പയിനില്‍
കോട്ടയം ജില്ലയില്‍ 4412 പേര്‍ക്ക് തുടര്‍പരിശോധനക്ക് നിര്‍ദേശം നല്‍കി. സ്‌ക്രീനിങ്ങില്‍ സംശയം തോന്നിയവര്‍ക്കാണ് വിശദപരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചത്. ജില്ലയില്‍ ഇതുവരെ 18,065 പേരാണ് സ്‌ക്രീനിങ്ങിന് വിധേയരായത്. പരിശോധനയില്‍ സ്തനാര്‍ബുദം സംശയിക്കുന്ന 696 പേരെ കണ്ടെത്തി. പരിശോധന നടത്താന്‍ നിര്‍ദേശിച്ചവര്‍ക്കെല്ലാം രോഗം സ്ഥിരീകരിക്കണമെന്നില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി നിര്‍ദേശിച്ചതെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. 30 മുതല്‍ 65 വയസ്സുവരെയുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയഗ കാന്‍സര്‍ തുടങ്ങിയവ കണ്ടെത്താനാണ് സ്ക്രീനിങ് നടത്തുന്നത്. വേഗത്തില്‍ രോഗം കണ്ടെത്തിയാല്‍ ഭേദമാക്കാന്‍ കഴിയുമെന്നതിനൊപ്പം ചികിത്സാചെലവും വലിയതോതില്‍ കുറക്കാന്‍ സാധിക്കും. അന്താരാഷ്ട്ര വനിതദിനമായ മാര്‍ച്ച് 8 വരെ പ്രത്യേക പരിശോധന തുടരും. ഇനിയും പരിശോധന നടത്താനുള്ളവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലായിടങ്ങളിലും ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒ.പി ടിക്കറ്റ് എടുക്കാതെ എത്താമെന്നും ജില്ല ആരോഗ്യവകുപ്പ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.