കേരളത്തിൽ പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരിലും ഓറൽ ക്യാൻസർ വർധിക്കുന്നതായി റിപ്പോർട്ട്

കേരളത്തിൽ പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരിലും ഓറൽ ക്യാൻസർ വർധിക്കുന്നതായി റിപ്പോർട്ട്. കൊച്ചിയിലെ വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 2014 ജൂലൈ മുതൽ 2024 ജൂലൈ വരെയുള്ള 515 രോഗികളിലാണ് പഠനം നടത്തിയത്. മുൻപ് മിക്കവാറും എല്ലാ ഓറൽ ക്യാൻസർ കേസുകളും കണ്ടെത്തിയിട്ടുള്ളത് പുകയില ഉപയോഗിച്ചിരുന്നവരിലാണ്. ഇപ്പോൾ ഓറൽ ക്യാൻസർ രോഗികളിൽ രണ്ടിൽ ഒരാൾ പുകയില ഉപയോഗിക്കാത്ത ആളാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാന്നെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ഷോൺ ടി. ജോസഫ് ചൂണ്ടിക്കാട്ടി. പുതിയ കണക്ക് പ്രകാരം 61% കേസുകൾ നാവിലെ ക്യാൻസറുകളും 19% കേസുകൾ ബക്കൽ മ്യൂക്കോസയിലും 3% കേസുകൾ വായയുടെ അടിഭാഗത്തും 3% താഴത്തെ ആൽവിയോളസിലും ഒരു ശതമാനം മുകളിലെ ആൽവിയോളസിലുമാണ്. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ രോഗബാധിതരിൽ 75.5% പുരുഷന്മാരും 24.5% സ്ത്രീകളുമാണ്. 58.9% രോഗികളിൽ മറ്റു രോഗങ്ങളുണ്ടെന്നും, അവരിൽ 30% പേർക്ക് ഒന്നിലധികം രോഗാവസ്ഥകൾ ഉണ്ടെന്നും 41.4% രോഗികളിൽ വേറെ രോഗങ്ങൾ ഇല്ല എന്നും പഠനത്തിൽ കണ്ടെത്തി. 282 രോഗികളിൽ പ്രാരംഭഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തിയതായും 233 പേർക്ക് ക്യാൻസർ നിർണയം രോഗത്തിന്റെ അവസാന ഘട്ടങ്ങളിലായിരുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി. രോഗലക്ഷണമുള്ള വ്യക്തി പ്രാരംഭഘട്ടത്തിൽ പരിശോധനയ്ക്ക് എത്തിയാൽ അർബുദ ചികിത്സ കൂടുതൽ ഫലപ്രദമാകുമെന്ന് ഡോ. ഷോൺ ടി. ജോസഫ് വ്യക്തമാക്കി. ഓറൽ ക്യാൻസർ ബാധിച്ചാൽ ചില ലക്ഷണങ്ങൾ പ്രകടമാകാം. രണ്ടാഴ്ചയ്ക്കുള്ളിൽ വായിലെ അൾസർ ഭേദമാകുന്നില്ലെങ്കിൽ, അത് കൂടുകയാണെങ്കിൽ, വായിൽ ചുവപ്പ് / വെള്ള നിറത്തിലുള്ള പാടുകൾ ഉണ്ടെങ്കിൽ, തലയിലും കഴുത്തിലും അസാധാരണമായ മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങൾ ഉടൻ തന്നെ ഡോക്ടറെ സന്ദർശിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.