ഒമാനിൽ എച്ച്ഐവി പരിശോധനയ്ക്ക് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഭൂരിഭാഗം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കി

ഒമാനിൽ എച്ച്ഐവി പരിശോധനയ്ക്ക് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഭൂരിഭാഗം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ആളുകളുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ പരിശോധന നടത്താനും റിപ്പോർട്ട് കൈപ്പറ്റാനും സാധിക്കും. സ്വദേശികൾക്കും വിദേശികൾക്കും പരിശോധനാ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. എയ്ഡ്‌സ് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും പുതിയ മരുന്നുകളാണ് ഒമാനിൽ ഉപയോഗിക്കുന്നത്. സമൂഹത്തിലെ മറ്റ് അംഗങ്ങളിലേക്ക് വൈറസ് പടരുന്നത് തടയുന്നതിന് ഇത് സഹായിക്കുന്നു.കഴിഞ്ഞ വർഷം പുതിയതായി 221 എച്ച്ഐവി അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 54 പേർ സ്ത്രീകളാണ്. രാജ്യത്തെ ആകെ എച്ച്ഐവി ബാധിതരുടെ എണ്ണം 2,339 ആയി ഉയർന്നു.വിവാഹത്തിനു മുൻപ് എച്ച്ഐവി പരിശോധന ആവശ്യമാണെന്നും മിക്ക അയൽ രാജ്യങ്ങളിലും ഇത് ബാധകമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.