സംസ്ഥാനത്തെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഇന്നലെയും ഇന്നുമായി പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ് നടകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്തെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഇന്നലെയും ഇന്നുമായി പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ് നടകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായാണ് ഇവര്‍ക്ക് പ്രത്യേകമായി കാന്‍സര്‍ സ്‌ക്രീനിങ് നടത്തുന്നത്. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും അവരുടെ അധികാര പരിധിയിലുള്ള ആശ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ് ക്ലിനിക്കുകള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ പ്രാഥമിക പരിശോധനകളും സൗജന്യമായാണ് നല്‍ക്കുക. മെഡിക്കല്‍ ഓഫീസര്‍മാര്‍ അതത് പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കായി കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ ക്രമീകരിക്കാനും നിര്‍ദ്ദേശിച്ചു. എല്ലാ ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും ഈ സ്‌ക്രീനിങ്ങില്‍ പങ്കെടുക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 1328 സര്‍ക്കാര്‍ ആശുപത്രികളിലാണ് സ്‌ക്രീനിംഗിനായുള്ള സംവിധാനം ഓരുക്കിയിട്ടുള്ളത്. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍ പരിചരണവും ലഭ്യമാക്കുന്നതാണ്.