മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലുള്ളവരുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം സെലീനിയം എന്ന മൂലകത്തിന്റെ സാന്നിധ്യമാണെന്ന കണ്ടെത്തലുമായി ആരോഗ്യവിദഗ്ധന്‍. കടുത്ത മുടികൊഴിച്ചില്‍ അനുഭവപ്പെട്ടവരുടെ രക്തം, മൂത്രം, മുടി തുടങ്ങിയവയില്‍ സെലീനിയത്തിന്റെ സാന്നിധ്യം ആവശ്യമായിതിലും പതിന്മടങ്ങ് അളവില്‍ കണ്ടെത്തിയെന്ന് പദ്മശ്രീ ജേതാവുകൂടിയായ ഡോ. ഹിമന്ത് റാവു ബാവസ്‌കര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. പഞ്ചാബില്‍നിന്നും ഹരിയാണയില്‍നിന്നും ഇറക്കുമതി ചെയ്ത് പ്രാദേശിക റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത ഗോതമ്പില്‍നിന്നാണ് ഇവരില്‍ അമിതമായ അളവില്‍ സെലിനിയം എത്തിച്ചേര്‍ന്നതെന്നാണ് ബാവസ്‌കറിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഗോതമ്പിലെ സെലിനിയത്തേക്കാള്‍ കൂടുതലാണ് പഞ്ചാബില്‍നിന്നും ഹരിയാണയില്‍നിന്നും ഇറക്കുമതി ചെയ്തവയിലെ സെലിനിയം എന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇറക്കുമതി ചെയ്തവയില്‍ 600 മടങ്ങ് കൂടുതലാണ് സെലിനിയത്തിന്റെ അളവ്. ഈ ഗോതമ്പ് കഴിച്ചവരില്‍ സിങ്കിന്റെ അളവ് കുറവായിരുന്നെന്നും ഈ അസന്തുലിതാവസ്ഥയാണ് മുടികൊഴിച്ചിലിന് കാരണമെന്ന് കരുതുന്നതായും ഹിമന്ത് റാവു ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ 18 ഗ്രാമങ്ങളില്‍നിന്നുള്ള 279 പേരിലാണ് അസാധാരണ മുടികൊഴിച്ചില്‍ ദൃശ്യമായത്.