സംസ്ഥാനത്ത് വേനൽ ചൂട് തീവ്രമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ സാധാരണ നിലയിൽ നിന്നും 2 ഡിഗ്രി മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട് എന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ളതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ വ്യക്തമാക്കി. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നീ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും. ഈ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾക്ക് അനുസൃതമായി അവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ തയാറാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.