ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ 20 പേരില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.
70 പേരില്‍ ഒരാള്‍ എന്ന നിലയില്‍ സ്തനാര്‍ബുദം ബാധിച്ച് മരിക്കുന്നുമുണ്ട്. നിലവിലെ ഈ നിരക്കുപ്രകാരം മുന്നോട്ടുപോയാല്‍ 2050 ആകുമ്പോഴേക്കും പ്രതിവര്‍ഷം 32 ലക്ഷം സ്തനാര്‍ബുദ കേസുകളിലേക്കെത്തുമെന്നും ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മാനവ വികസന സൂചിക കുറഞ്ഞ രാജ്യങ്ങളേയാണ് ഇത് സാരമായി ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 5 ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കാന്‍സര്‍ നിരക്കുകളും ലോകാരോഗ്യ സംഘടനയുടെ മരണനിരക്കിന്റെ ഡേറ്റയുമൊക്കെ പരിശോധിച്ചാണ് ഈ വിലയിരുത്തല്‍. ആഗോളതലത്തില്‍ ഓരോ മിനിറ്റും 4 പേരില്‍ സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നുവെന്നും ഒരാള്‍ രോഗബാധിതയായി മരിക്കുന്നുവെന്നും ഐ.എ.ആര്‍.സി.യിലെ ഗവേഷകനായ ഡോ. ജോവാന്‍ കിം ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി സ്ഥിരീകരിക്കപ്പെടുന്നത് സ്തനാര്‍ബുദമാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഓസ്‌ട്രേലിയയും ന്യൂസിലന്റുമാണ് സ്തനാര്‍ബുദ നിരക്കുകള്‍ ഉയര്‍ന്ന രാജ്യങ്ങള്‍. ഏറ്റവും കുറവ് സൗത്ത്- സെന്‍ട്രല്‍ ഏഷ്യയിലും മിഡില്‍ ആഫ്രിക്കയിലും ഈസ്റ്റേണ്‍ ആഫ്രിക്ക എന്നീ രാജ്യങ്ങളാണ്. എന്നാല്‍ സ്തനാര്‍ബുദ മരണങ്ങള്‍ മെലനേഷ്യ, പോളിനേഷ്യ, വെസ്റ്റേണ്‍ ആഫ്രിക്ക തുടങ്ങിയയിടങ്ങളില്‍ കൂടുതലും ഈസ്റ്റേണ്‍ ആഫ്രിക്ക, സെന്‍ട്രല്‍ അമേരിക്ക, നോര്‍തേണ്‍ അമേരിക്ക തുടങ്ങിയയിടങ്ങളില്‍ കുറവുമാണ്.