മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത 170-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആരോഗ്യവകുപ്പ്. മമോനി കലാഗ്രാമ പഞ്ചായത്തിലെ ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 60-ൽ അധികം ആളുകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മറ്റ് രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതായുമാണ് വിവരം. ശനിയാഴ്ച ക്ഷേത്രത്തില്‍ മഹാ അന്നദാനം സംഘടിപ്പിച്ചിരുന്നു. ഇവിടെനിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിഷബാധയെ തുടര്‍ന്ന് പലർക്കും ഛര്‍ദി, വയറിളക്കം, പനി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ സഞ്ജയ് റിഷേശ്വർ മാധ്യമങ്ങളോട് വിശദീകരിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ എന്താണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ എന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.