മലപ്പുറത്ത് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചതായി റിപ്പോർട്ട്

മലപ്പുറത്ത് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചതായി റിപ്പോർട്ട്. ക്യാംപസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ക്യാംപസ് അടച്ചിടുകയാണെന്നും ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർഥികൾക്ക് അധ്യയനം ഉണ്ടായിരിക്കുകയില്ലെന്നും റജിസ്ട്രാർ ഇൻ – ചാർജ് വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്നും ലഭിച്ച പരിശോധനാ റിപ്പോർട്ട് പ്രകാരവും ഫുഡ് സേഫ്റ്റി ലൈസൻസ് ലഭ്യമാക്കാനുമാണ് ഹോസ്റ്റൽ ഉൾപ്പെടെ ക്യാംപസ് അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികളോട് എത്രയും വേഗം ഹോസ്റ്റൽ ഒഴിയണമെന്നും സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകി. സർവകലാശാല സ്ഥിതി ചെയ്യുന്ന വെട്ടം പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നിർദേശ പ്രകാരമാണ് നടപടി.