ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാർ

തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാർ. തനിക്കു വേദനിക്കുന്നുണ്ടെന്ന് ഉമ തോമസ് ഡോക്ടറോടു പറഞ്ഞു. 25% മാത്രമാണു നിലവിൽ വെന്റിലേറ്റർ സഹായം. രണ്ടു ദിവസത്തിനുള്ളിൽ വെന്റിലേറ്റർ പൂർണമായി നീക്കാനാകുമെന്നാണു പ്രതീക്ഷ എന്നും ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവും മൂലം പുറത്തു വെള്ളംകെട്ടുന്ന അവസ്ഥ ഉണ്ടെന്ന് ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലുണ്ട്. ഇതിൽ വലിയ ആശങ്ക വേണ്ടെങ്കിലും കൃത്യമായ നിരീക്ഷണവും ചികിത്സയും വേണ്ടി വന്നേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.