അപൂർവരോഗം ബാധിച്ചവർക്ക് ചികിത്സാസഹായമായി 50 ലക്ഷം രൂപവരെയേ അനുവദിക്കാനാവൂവെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി

അപൂർവരോഗം ബാധിച്ചവർക്ക് ചികിത്സാസഹായമായി 50 ലക്ഷം രൂപവരെയേ അനുവദിക്കാനാവൂവെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അധികമായിവേണ്ട തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിക്കുന്നതടക്കമുള്ള സാധ്യത ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി ശോഭിത് ഗുപ്ത ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിട്ടിട്ടും ചികിത്സാസഹായം മുടങ്ങിയതിനെത്തുടർന്ന് എറണാകുളം സ്വദേശിയായ യുവതി ഫയൽചെയ്ത കോടതിയലക്ഷ്യ ഹർജിയിലാണ് കേന്ദ്രസർക്കാർ വിശദീകരണം നൽകിയത്. രാജ്യത്ത് അപൂർവരോഗം ബാധിച്ച 3000-ത്തിലധികം പേരുണ്ട്. 18 തരം അപൂർവരോഗങ്ങളാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. ഇവർക്ക് ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമുണ്ട്. വർഷംതോറും 50 ലക്ഷംമുതൽ 8 കോടി രൂപവരെയാകും ഇതിനുള്ള ചികിത്സ ചെലവ് വരുന്നത്. ജീൻ തെറാപ്പിക്ക് 9 കോടിരൂപ മുതൽ 30 കോടിവരെ ചെലവാകും. ഇതിന് കേന്ദ്രസർക്കാർ ഒരു വർഷം 6400 കോടി മുതൽ 34,000 കോടി രൂപയോളമാണ് കണ്ടെത്തേണ്ടത്. ആരോഗ്യം സംസ്ഥാനങ്ങളുടെ വിഷയമായതിനാൽ ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് സംസ്ഥാനസർക്കാരാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ കാര്യത്തിൽ ഇതിനോടകം 50 ലക്ഷം രൂപ ചികിത്സാസഹായം അനുവദിച്ചെന്നും കൂടുതൽ തുക അനുവദിക്കാനാകില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ വിശദീകരണത്തെത്തുടർന്ന് കോടതിയലക്ഷ്യ ഹർജി ഉത്തരവിനായി മാറ്റി.