ആരോഗ്യം നിലനിർത്തുന്നതിൽ സൂര്യപ്രകാശം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരം മുഴുവനായി മറച്ച് വസ്ത്രം ധരിക്കുന്നവർക്ക് സൂര്യപ്രകാശം ഏൽക്കാൻ സാധ്യത കുറവായതുകൊണ്ട് വൈറ്റമിൻ ഡിയുടെ അളവും കുറവായിരിക്കും. ശാരീരികക്ഷീണം, എല്ലുകളിലും പല്ലുകളിലും വേദന, തേയ്മാനം, പനി, അണുബാധ, മുടികൊഴിച്ചിൽ , മാനസിക സംഘർഷം, ഉറക്കമില്ലായ്മ എന്നിങ്ങനെ പലവിധ ലക്ഷണങ്ങളോട് കൂടിയാണ് ശരീരം വൈറ്റമിൻ ഡി യുടെ കുറവ് പ്രകടിപ്പിക്കുന്നത്. മത്സ്യങ്ങൾ, മീൻമുട്ട, പാലുത്പന്നങ്ങൾ, ഓറഞ്ച്, സോയാബീൻ, കൂൺ എന്നീ ഭക്ഷണങ്ങള്ളിലും വൈറ്റമിൻ ഡി കാണപ്പെടുന്നു. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിനു ആവശ്യമായ കാൽസിയത്തിനെ വലിച്ചെടുക്കാനും ഫോസ്ഫേറ്റിന്റെ അളവ് നിയന്ദ്രിക്കാനും വൈറ്റമിൻ ഡി പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. വെയിൽ കൊള്ളാതെ അടച്ച റൂമുകളിൽ ജോലിചെയ്യുന്നവർക്ക് മാനസികസംഘർഷം വരാനും ഉറക്കക്കുറവ് അനുഭവപ്പെടാനും വൈറ്റമിൻ ഡിയുടെ കുറവ് കാരണമായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ദിവസവും 15 മുതൽ 30 മിനിറ്റ് വരെ വെയിൽ കൊള്ളുന്നതിലൂടെ ശരീരത്തിനാവശ്യമായ 80 ശതമാനത്തോളം വൈറ്റമിൻ ഡി ശരീരം സ്വയം ഉൽപാദിപ്പിക്കുന്നു.