അർബുദകോശങ്ങളെ സ്വാഭാവിക കോശത്തെപ്പോലെ മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ

സ്വാഭാവിക കോശത്തെപ്പോലെ മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ. ചികിത്സയ്ക്ക് പാർശ്വഫലമില്ലെന്നതും രോഗം തിരിച്ചുവരില്ലെന്നതുമാണ് ഇതിന്റെ സവിശേഷത. ദക്ഷിണ കൊറിയയിലെ കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ. രോഗബാധിത കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സാരീതിയാണ് നിലവിൽ പിന്തുടരുന്നത്. ഇതിന് ബദലായി രോഗബാധിത കോശങ്ങളെ സാധാരണ കോശങ്ങൾക്കു തുല്യമായ അവസ്ഥയിലേക്ക് മാറ്റും. സാധാരണ കോശങ്ങളുടെ വികാസത്തിന് കാരണമായ ജീൻ നെറ്റ്‌വർക്കിന്റെ കംപ്യൂട്ടിങ് മാതൃകയാണ് ഗവേഷകർ ആദ്യം സൃഷ്ടിച്ചത്. ഇതുപയോഗിച്ച് അർബുദകോശങ്ങളെ സാധാരണകോശമാക്കാൻ കഴിയുന്ന തന്മാത്രാരൂപമായ വസ്തുക്കളെ കണ്ടെത്തി. കുടലിലെ അർബുദകോശങ്ങളെയാണ് ഇങ്ങനെ മാറ്റിയെടുത്തത്. തന്മാത്രാധിഷ്ഠിത പരീക്ഷണവും കോശപഠനവും ജന്തുക്കളിലെ പരീക്ഷണവും നടത്തിയാണ് ഫലം സ്ഥിരീകരിച്ചത്. ഇതര അർബുദകോശങ്ങളിലും സമാനമായ പരീക്ഷണം നടത്തുകയാണ് അടുത്തഘട്ടം. പഠനറിപ്പോർട്ട് ‘അഡ്വാൻസ്ഡ് സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.