ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ലഡു മഹോത്സവത്തിനിടെ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു എന്ന് റിപ്പോർട്ട്. 50 ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബടൗത്തിലെ ജൈന സമൂഹമാണ് ചൊവ്വാഴ്ച ലഡു മഹോത്സവം’ സംഘടിപ്പിച്ചിത്. അതില്‍ പങ്കെടുക്കാനായി നിരവധി ജനങ്ങള്‍ എത്തി എന്നാൽ ഇവർക്ക് മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോമാണ് ഒരുക്കിയിരുന്നത്. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരം താങ്ങാന്‍ കഴിയാതെ പ്ലാറ്റ്‌ഫോം തകര്‍ന്നു വീഴുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പൊലീസും ആംബുലന്‍സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി ബാഗ്പത് പൊലീസ് മേധാവി അര്‍പിത് വിജയവര്‍ഗിയ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ആളുകള്‍ ചികിത്സയിലാണ്. ചെറിയ മുറിവുകളുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വീട്ടിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടത്തെ പ്രാദേശിക ജൈന സമൂഹം 30 വര്‍ഷമായി വര്‍ഷം തോറും ‘ലഡു മഹോത്സവം’ ആചരിക്കുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് അസ്മിത ലാല്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.