പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ പത്മഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ച് രാജ്യം. എറണാകുളം സൗത്ത് പറവൂർ സ്വദേശിയായ ജോസ് ചാക്കോ പെരിയപ്പുറം എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവിയാണ്. 2011-ൽ പത്മശ്രീ പുരസ്‌കാരം നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറാണ് ജോസ് പെരിയപ്പുറം. 2003 മെയ് 13-ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ഈ ശസ്ത്രക്രിയ. 2014-ൽ രാജ്യത്ത് ആദ്യമായി ആ ഒരാളിൽതന്നെ വീണ്ടും ഹൃദയംമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്താനും അദ്ദേഹം നേതൃത്വം നൽകി. 2013-ൽ ഹൃദയം മാറ്റിവെച്ച ഐ.ടി. ജീവനക്കാരനായ പാലക്കാട് സ്വദേശി ഗിരീഷ് കുമാറിനാണ് 2014-ൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ വീണ്ടും ഹൃദയം മാറ്റിവെച്ചത്. സാമ്പത്തികബുദ്ധിമുട്ട് നേരിടുന്ന ഹൃദ്രോഗികൾക്ക് ഹൃദയശസ്ത്രക്രിയകൾക്കായി സഹായം നൽകുന്ന ‘ഹാർട്ട് കെയർ ഫൗണ്ടേഷന്റെ’ ചെയർമാൻ കൂടിയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം. മെഡിക്കൽ രംഗത്ത് ശ്രദ്ധേയമായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.