മണ്ഡലകാലം മുതൽ കഴിഞ്ഞദിവസംവരെ ഹൃദയാഘാതം വന്നുമരിച്ച ഭക്തരുടെ എണ്ണം 36 എന്ന് റിപ്പോർട്ട്. ഇതിൽ അധികവും, സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കിയതുമൂലമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. പത്തുപേർ മറ്റു ശാരീരിക പ്രശ്നങ്ങൾമൂലവും മരിച്ചു. പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തുമുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതിനുശേഷം മരിച്ചവരുടെ എണ്ണമാണിത്. ഒട്ടേറേപ്പേരെ സി.പി.ആറും വിദഗ്ധചികിത്സയും നൽകി രക്ഷിച്ച്ചതായും റിപ്പോർട്ട് പറയുന്നു. പമ്പയിലെ ആശുപത്രിയിലാണ്, ഏറ്റവുമധികം ഭക്തർ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിട്ടുള്ളത്. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ തീർഥാടനകാലത്ത് നിർത്തിവെക്കുന്നതാണ് കൂടുതൽ പ്രശ്നങ്ങൾക്കും കാരണം. ഇക്കൂട്ടർ ചെറിയൊരു കയറ്റംകയറുമ്പോൾത്തന്നെ ശരീരം പ്രതികരിക്കും. ഡോളിയിൽ സന്നിധാനത്തെത്തിയ ഭക്തൻപോലും ഹൃദയാഘാതംമൂലം മരിച്ചതായും റിപ്പോർട്ട് പറയുന്നു. അപസ്മാരത്തിന്റെ മരുന്നുവരെ തീർഥാടനസമയത്ത് നിർത്തുന്നവരുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. തീർഥാടനസമയത്ത് സ്വാഭാവികമായി ഉറക്കത്തിന്റെ ക്രമംതെറ്റും. കൂടുതൽ വെയിൽകൊള്ളേണ്ടിവരും. രോഗികൾക്ക് ഇതെല്ലാം കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്നും മെഡിക്കൽ ഓഫീസർമാർ മുന്നറിയിപ്പ് നൽകുന്നു.