കൊച്ചിയിൽ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തി ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി എന്ന് റിപ്പോർട്ട്. പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യസ്ഥിതിയിൽ എംഎൽഎ എത്തിയെന്നും സ്റ്റാഫംഗങ്ങളോട് ഫോണിൽ വിളിച്ച് സംസാരിച്ചതായും ഫേസ്ബുക്കിലൂടെ അഡ്മിൻ വ്യക്തമാക്കി. അപകടം നടന്ന് പത്താം ദിവസമാണ് ഉമ തോമസ് തന്‍റെ സ്റ്റാഫംങ്ങളേയും സോഷ്യൽ മീഡിയ ടീമിനെയും ഫോണിൽ വിളിച്ച് സംസാരിച്ചത്. ഏകദേശം 5 മിനിറ്റോളം നടത്തിയ കോൺഫറൻസ് കോളിൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനിൽ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചതെന്നും .’എല്ലാം കോർഡിനേറ്റ്’ ചെയ്യണമെന്ന് എംഎൽഎ അറിയിച്ചതായി ഫേസ്ബുക്ക് പേജ് അഡ്മിൻ ടീം വിശദീകരിച്ചു. മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങൾക്ക് എംൽഎ നിർദ്ദേശം നൽകി.