സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിങ്ങള്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ മതിയായ ലൈസന്‍സുള്ള കമ്പനികള്‍ നിര്‍മിച്ചതാണോഎന്ന് പരിശോധിക്കണം . നിര്‍മാതാവിന്‍റെ മേല്‍വിലാസം വ്യക്തമായി ഉല്‍പന്നത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണമെന്ന് മന്ത്രി പോസ്റ്റിൽ പറയുന്നു. ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും വേണ്ടി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ‘ഓപ്പറേഷന്‍ സൗന്ദര്യ’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയിരുന്നു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് 2023 മുതല്‍ 2 ഘട്ടങ്ങളിലായിട്ടാണ് ഓപ്പറേഷന്‍ സൗന്ദര്യ നടപ്പിലാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്തു. ലാബ് പരിശോധനകളില്‍ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.