പാഴ്സൽ വാങ്ങിയ സമൂസയിൽ നിന്നും ചത്ത പല്ലിയെ കിട്ടിയതായി പരാതി

തൃശ്ശൂർ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ഷോപ്പിൽ നിന്നും മകൾക്ക് വേണ്ടി പാഴ്സൽ വാങ്ങിയ സമൂസയിൽ നിന്നും ചത്ത പല്ലിയെ കിട്ടിയതായി പരാതി. ബുധനാഴ്ച്ച ഉച്ചയോടെ ആനന്ദപുരം സ്വദേശിയായ തോണിയിൽ വീട്ടിൽ സിനി രാജേഷും മകനും ചായ കുടിച്ച ശേഷം മകൾക്കായി രണ്ട് സമൂസ പാഴ്‌സൽ വാങ്ങിയത്. വീട്ടിലെത്തി മകൾ സമൂസ കഴിക്കുന്നതിനിടെയാണ് സമൂസയ്ക്കുള്ളിൽ നിന്നും പല്ലിയെ കിട്ടുന്നത്. രാജേഷ് ഉടൻ തന്നെ ഇരിങ്ങാലക്കുട ആരോഗ്യവിഭാഗത്തിൽ പരാതി നൽകി. വേളൂക്കര ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഷോപ്പിൽ പരിശോധന നടത്തുകയും ചെയ്തു. സമൂസ ഇവിടെ നിർമ്മിക്കുന്നതല്ലെന്നാണ് ഷോപ്പിൽ നിന്നും ലഭിച്ച വിശദീകരണം. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഇവിടെ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാർഡ് എടുത്തതിന് ശേഷം മാത്രം സ്ഥാപനം പ്രവർത്തിച്ചാൽ മതിയെന്നും ഉദ്യോഗസ്ഥർ നിർദേശം നൽകി. സമൂസയിൽ നിന്നും പല്ലിയെ കണ്ടെത്തിയ സംഭവം ഫുഡ് സേഫ്റ്റി അധികൃതർക്ക് പരാതി കൈമാറിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രം മറ്റ് നടപടികൾ സ്വീകരിക്കുകള്ളു എന്നും ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമായി.