കാലാവസ്ഥാ വ്യതിയാനം എച്ച്ഐവി പ്രതിരോധത്തെയും ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. ടൊറന്റോ സർവകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. എച്ച്ഐവി ബാധിതരിൽ ഏകദേശം 54% പേരും ഉള്ളത് കിഴക്കൻ ആഫ്രിക്കയിലും തെക്കൻ ആഫ്രിക്കയിലുമാണ്. വരൾച്ചയും, വെള്ളപ്പൊക്കവും പോലുള്ള അതിശക്തമായ കാലാവസ്ഥാ മാറ്റങ്ങൾ പരിസ്ഥിതിയിൽ നാശനഷ്ടങ്ങൾ വരുത്തുന്നതിനോടൊപ്പം കുടിയേറ്റത്തിനും കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആളുകൾക്ക് രോഗ നിർണയത്തിനോ ചികിത്സ ലഭിക്കാതെയോ വരും. ഒന്നിലധികം പങ്കാളികൾ ഉള്ളതും, പണത്തിനോ മറ്റു സഹായങ്ങൾക്കോ വേണ്ടിയുള്ള സുരക്ഷിതമല്ലാത്ത ലൈംഗികതയും എച്ച്ഐവി രോഗികളുടെ എണ്ണം വർധിപ്പിക്കുന്നു എന്നും പഠനം പറയുന്നു. ഇത്തരം സന്ദർഭങ്ങളിൽ എച്ച്ഐവി രോഗികൾക്കായി ദീർഘകാല ആന്റി റിട്രോവൈറൽ തെറാപ്പി, മരുന്ന് വിതരണം, ബോധവൽക്കരണം എന്നിവ ആവശ്യമാണ്. മാത്രമല്ല, ലൈംഗിക തൊഴിലാളികൾ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ട്രാൻസ്ജെൻഡർമാർ എന്നിവരുൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോ പ്രകൃതി ദുരന്തങ്ങളിൽ രോഗങ്ങൾ പടരുന്നത് തടയാൻ പാലിക്കേണ്ട മുൻകരുതലിനെക്കുറിച്ചോ വേണ്ടത്ര അറിവില്ല. ഇത്തരം ആളുകൾക്ക് അതേക്കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും ഗവേഷകർ നിർദേശിക്കുന്നു. രോഗം പകരുന്നത് തടയാൻ കൂടുതൽ ഇടപെടലുകളും ഗവേഷണങ്ങളും ആവശ്യമാണെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.