സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ബി.പി.എല്‍. വിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് കുടിശ്ശിക നൽകുന്നതിൽ സർക്കാർ വീഴ്ചവരുത്തി എന്ന് മാധ്യമ റിപ്പോർട്ട്. ഇതേതുടർന്ന് ഫീസ് കുടിശ്ശികയുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ചില സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍. ചില കോളേജുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കുന്നത് അവസാനിപ്പിച്ചു എന്നും റിപ്പോർട്ട് പറയുന്നു. 20 ശതമാനംവരെ ഹാജര്‍ കുറഞ്ഞാല്‍ സര്‍വകലാശാലാപരീക്ഷ എഴുതാനാകില്ല. കോളേജുകള്‍ ഹാജര്‍ നല്‍കുന്നില്ലെന്ന കാര്യം ആരോഗ്യമന്ത്രിയെ പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന ആരോപണവുമുണ്ട്. ബി.പി.എല്‍. വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് തുകയുടെ 90 ശതമാനം സംസ്ഥാനസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പായാണ് കോളേജുകള്‍ക്ക് നല്‍കുന്നത്. സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച് കേസ് വന്നതോടെ 2020 ബാച്ചുമുതലുള്ള കുട്ടികളുടെ ഫീസ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി. കേസുകളുടെ തീര്‍പ്പനുസരിച്ചേ ഇനി ഫീസ് നല്‍കൂവെന്നതാണ് സർക്കാർ നിലപാട്. വിദ്യാര്‍ഥികള്‍ താത്കാലികമായി പണം അടയ്ക്കണമെന്നാണ് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. വിദ്യാര്‍ഥികളുടെ ഫീസിനത്തില്‍ 70 കോടിവരെ കിട്ടാനുള്ള കോളേജുകളുണ്ടെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ ഇക്കാര്യമറിയിച്ചിട്ടുണ്ടെന്നും പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍കുമാര്‍ വള്ളില്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.