മുംബൈയിലെ വീട്ടിൽവച്ചുണ്ടായ ആക്രമണത്തിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് ആറു തവണ കുത്തേറ്റതായി റിപ്പോർട്ട്. ഇതിൽ രണ്ടു മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സുഷുമ്നാഡിയോട് ചേർന്നും പരുക്കേറ്റിട്ടുണ്ട്. നടൻ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ വച്ച് നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റത്. കുട്ടികളുടെ മുറിയിൽ വച്ചാണ് ആക്രമണം നടന്നതെന്നും, മോഷ്ടാവ് അകത്തു കയറിയെന്നറിഞ്ഞതിന് പിന്നാലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം അവിടെ എത്തി അവിടെ വെച്ച് അക്രമിസംഘവുമായി വാക്കുതർക്കമുണ്ടായെന്നും ഇതിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ജോലിക്കാരിക്കും പരുക്കേറ്റിട്ടുണ്ട്. മൂന്നു ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.