വിട്ടുമാറാത്ത ജലദോഷത്തെ തുടർന്ന് ആശുപത്രിയിലെത്തിയ റഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ 34-കാരി ബദുലിനയുടെ ശ്വാസകോശത്തിൽ ഡോക്ടർമാർ കണ്ടെത്തിയത് സ്പ്രിങ് എന്ന് റിപ്പോർട്ട്

വിട്ടുമാറാത്ത ജലദോഷത്തെ തുടർന്ന് ആശുപത്രിയിലെത്തിയ റഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ 34-കാരി ബദുലിനയുടെ ശ്വാസകോശത്തിൽ ഡോക്ടർമാർ കണ്ടെത്തിയത് സ്പ്രിങ് എന്ന് റിപ്പോർട്ട്. സാധാരണ ജലദോഷമാണെന്നു കരുതി ഇവർ രോഗം ഭേദമാകാൻ കാത്തിരുന്നു. എന്നാൽ നില വഷളായതോടെ ഇവർ ഡോക്റ്ററെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ യുവതിക്ക് എക്സ്റേ നിർദേശിച്ചു. എന്നാൽ എക്‌സ് റേ പരിശോധിച്ച ഡോക്ടർ യുവതിയോട് പറഞ്ഞത് നിങ്ങൾ ഏത് നിമിഷവും മരിക്കാമെന്നാണ്. ശ്വാസകോശത്തിൽ കുടുങ്ങിയ ലോഹനിർമ്മിതമായ ഒരു സ്പ്രിങ് യുവതിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയുട്ടുണ്ടെന്നും അറിയിച്ചു. മുമ്പ് നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ഈ സ്പ്രിങ് യുവതിയുടെ ശരീരത്തിനകത്തെത്തിയത് എന്ന് ജാം പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 16 മില്ലിമീറ്റർ നീളവും അഞ്ച് മില്ലിമീറ്റർ വീതിയുമുള്ള സ്പ്രിങ്ങാണ് ശ്വാസകോശത്തിലുള്ളത്. ത്രോംബോബോളിസം എന്ന രോഗാവസ്ഥയെ തുടർന്ന് 27-ാം വയസിൽ ബദുലിന ചികിത്സ തേടിയിരുന്നു. രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിക്കുകയും ഇത് രക്തത്തിലൂടെ ഒഴുകി ശരീരത്തിലെ മറ്റെവിടെയെങ്കിലുമെത്തി രക്തത്തിന്റെ ഒഴുക്കിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ത്രോംബോബോളിസം. ഇതിന്റെ ചികിത്സയുടെ ഭാഗമായി 33 ട്യൂബുകളാണ് ബദുലിനയുടെ കാലിനുള്ളിൽ മാത്രം ശസ്ത്രക്രിയ നടത്തി ഘടിപ്പിച്ചത്. ഒരു വർഷം 20-ലെറെ ശസ്ത്രക്രിയകൾക്കാണ് താൻ വിധേയയായതെന്നും താൻ രക്ഷപ്പെട്ടത് അത്ഭുതകരമാണെന്നും ബദുലിന പറയുന്നു.