എ.ഡി.എച്ച്.ഡി ബാധിതരായ മുതിർന്നവർക്ക് ആയുർദൈർഘ്യം കുറയുന്നുവെന്നും പുരുഷന്മാർക്ക് ശരാശരിയേക്കാൾ ഏഴ് വർഷവും സ്ത്രീകൾക്ക് ഒമ്പത് വർഷവും ആയുസ് കുറയുന്നുവെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകർ, എ.ഡി.എച്ച്.ഡി സ്ഥിരീകരിച്ച യുകെയിലെ 30,000-ത്തിലധികം ആളുകളുടെ ഡാറ്റയെ, ഈ അവസ്ഥയില്ലാത്ത 3,00,000 വ്യക്തികളുടെ ഡാറ്റയുമായി താരതമ്യം ചെയ്താണ് ഈ പഠനം നടത്തിയത്. എ.ഡി.എച്ച്.ഡി ഉള്ളവരിൽ ഷോട്ട് അറ്റൻഷൻ സ്പാനും ഹൈപ്പർ ആക്ടീവ് സ്വഭാവവും കണ്ടുവരുന്നെന്നും, ഇവരുടെ ആയുർദൈർഘ്യം സാധാരണ ജനങ്ങളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാരിൽ 6.78 വർഷവും സ്ത്രീകളിൽ 8.64 വർഷവും കുറവാണെന്നും പഠന ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സാധാരണ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവർക്ക് ബുദ്ധിമുട്ടായിരിക്കാം. ഇത് കൂടുതൽ അസ്വസ്ഥതയ്ക്കും മറ്റും ഇടയാക്കുകയും ദീർഘകാല വെല്ലുവിളികളിലേക്ക് നയിക്കുമെന്നും ഗവേഷകർ വ്യക്തമാകുന്നു. ‘എ.ഡി.എച്ച.ഡി. ഉള്ള ആളുകൾക്ക് നിരവധി കഴിവുകളുണ്ട്, ശരിയായ പിന്തുണയും ചികിത്സയും കൊണ്ട് അവർക്ക് അത് നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നു.