മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളിലെ അമ്പതോളം പേരിൽ ഒരാഴ്ചയ്ക്കിടെ അസാധാരണ മുടികൊഴിച്ചിലുണ്ടായതായി റിപ്പോർട്ട്. ബുൽധാന ജില്ലയിലെ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം. കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താൽ ജലമലിനീകരണമുണ്ടായതാവാം പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. ഇവിടെനിന്ന് ഗ്രാമീണരുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകൾ അധികൃതർ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. പെട്ടെന്ന് മുടികൊഴിയാൻ തുടങ്ങുകയും ദിവസങ്ങൾക്കുള്ളിൽ മുടിയും മുഴുവൻ പോയി കഷണ്ടിയാകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെന്ന് ഗ്രാമീണർ ആരോഗ്യവകുപ്പ് അധികരോട് വ്യക്തമാക്കി. നിലവിൽ അമ്പതോളം പേർക്ക് ഈ അവസ്ഥ സംഭവിച്ചിട്ടുണ്ട്. ഇവരുടെ എണ്ണം ഇനിയും വർധിക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന. പരിശോധനാഫലം എത്തിയാൽ മാത്രമേ എന്താണ് യാഥാർഥ കാരണമെന്ന് വ്യക്തമാവുകയുള്ളൂ. നിരവധി പേർ ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചെറിയ കുട്ടികളടക്കമുള്ളവരുടെ മുടി ചെറുതായി വലിക്കുമ്പോൾ തന്നെ പറഞ്ഞുപോരുന്നത് വീഡിയോയിൽ കാണാം.