കൊച്ചു കുട്ടികൾക്ക് പുറം തോടുള്ള പഴവർഗ്ഗങ്ങളും, നട്ട്സ്കളും കൊടുക്കുന്നത് തീർച്ചയായും മുതിർന്നവരുടെ മേൽനോട്ടത്തിൽ വേണമെന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വർത്തയാണിപ്പോൾ പുറത്തുവരുന്നത്. കാസർകോട് പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ മുഹമ്മദ് റിഫായി അനസാണു മരിച്ചത്. ശനിയാഴ്ച വൈകിട്ടു വീട്ടിൽ വെച്ചാണ് കുട്ടി പിസ്തയുടെ പുറം തോട് എടുത്തു കഴിച്ചത്. പുറം തോട് തൊണ്ടയിൽ കുടുങ്ങിയതോടെ വീട്ടുകാർ കൈകൊണ്ട് ഒരു കഷണം വായിൽനിന്ന് എടുത്തുമാറ്റി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിചെങ്കിലും പരിശോധനയിൽ പിസ്തയുടെ ബാക്കിഭാഗം തൊണ്ടയിൽ കണ്ടെത്താൻ കഴിയാത്തതിനാൽ പ്രശ്‌നമില്ലെന്നു കണ്ടു ഡോക്ടർ തിരിച്ചയച്ചു. ഞായറാഴ്ച പുലർച്ചെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നു കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്.