ടീബാഗ് ഉപയോഗിക്കുന്നത് അപകടമാണെന്നു പുതിയ പഠന റിപ്പോർട്ട്

യാത്രയ്ക്കിടയിലും ഓഫിസിലുമെല്ലാം ടീബാഗ് ചായകളെ ആശ്രയിക്കുന്നവരാണ്‌ പലരും. എന്നാൽ ടീബാഗ് ഉപയോഗിക്കുന്നത് അപകടമാണെന്നാണ് പുതിയ പഠനം റിപ്പോർട്ട് പറയുന്നത്. ടീബാഗുകളുടെ പുറം ആവരണത്തിനായി ഉപയോഗിക്കുന്ന പോളിമർ അധിഷ്‌ഠിത സാമഗ്രികൾ ലക്ഷണക്കണക്കിന്‌ നാനോപ്ലാസ്റ്റിക്കുകളെയും മൈക്രോപ്ലാസ്റ്റിക്കുകളെയും വെളിയിൽ വിടുന്നതിനാൽ ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ പുതിയ പഠനങ്ങൾ വ്യക്തമാകുന്നത്. ഓട്ടണമസ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ബാഴ്‌സലോണയാണ്‌ പഠനം നടത്തിയത്‌. നൈലോൺ-6, പോളിപ്രൊപ്പിലീൻ, സെല്ലുലോസ്‌ തുടങ്ങിയവ ഉപയോഗിച്ച്‌ നിർമ്മിച്ച ടീബാഗുകളാണ്‌ പഠനത്തിനായി ഉപയോഗിച്ചത്‌. ചൂട്‌ വെള്ളത്തിലേക്ക്‌ ടീബാഗ് മുക്കുമ്പോൾ ഒരു മില്ലിലീറ്ററിന്‌ 1.2 ബില്യൺ എന്ന അളവിൽ നാനോപ്ലാസ്റ്റിക്കുകൾ പോളിപ്രൊപ്പിലീൻ വെളിയിൽ വിടുന്നതായി ഗവേഷകർ പഠനത്തിൽ കണ്ടെത്തി. സെല്ലുലോസ്‌, നൈലോൺ-6 എന്നിവയും ദശലക്ഷണക്കണക്കിന്‌ നാനോപ്ലാസ്റ്റിക്കുകളും മൈക്രോപ്ലാസ്റ്റിക്കുകളും പുറത്ത്‌ വിടുന്നുണ്ടെന്നും പഠനറിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടെ കുടലിലെ കോശങ്ങൾ ഇത്തരം നാനോപ്ലാസ്റ്റിക്കുകളെ വലിച്ചെടുക്കുന്നത്‌ വഴി അവ രക്തപ്രവാഹത്തിലെത്തി ചേർന്ന്‌ ശരീരം മുഴുവൻ വ്യാപിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ്‌ നൽകുന്നു.