പല്ലുവേദനയ്ക്ക് ചികിത്സ തേടിയ എഴുപത്തിയെട്ടുകാരന് പരിശോധനയില്‍ അര്‍ബുദം സ്ഥിരീകരിച്ചതായ വര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ക്രൊയേഷ്യയില്‍ നിന്നാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. പല്ലുവേദന അസഹ്യമായപ്പോള്‍ ദന്തരോഗവിദഗ്ധനെ കാണുകയായിരുന്നു ഇദ്ദേഹം. പല്ല് എടുത്തുമാറ്റിയതിനുപിന്നാലെ താടിയെല്ലിന്റെ ഭാഗത്ത് നീരുവച്ചുതുടങ്ങി. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് വയോധികന് പ്രോസ്റ്റേറ്റ് കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. സി.ടി. സ്‌കാന്‍ ചെയ്തതിനുശേഷം മറ്റുചിലപരിശോധനകള്‍ കൂടി നടത്തിയതോടെയാണ് രോഗസ്ഥിരീകരണം നടത്താനായത്. പ്രോസ്റ്റേറ്റ് കാന്‍സര്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കുകൂടി വ്യാപിച്ച മെറ്റാസ്റ്റേറ്റിക് പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്ന അവസ്ഥയായിരുന്നു വയോധികന്റേതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഓറല്‍ സര്‍ജനായ ഡോ. ആന്‍ഡ്രെ വ്യക്തമാക്കി. മെറ്റാസ്റ്റേറ്റിക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധാരണ താടിയെല്ലിനെ ബാധിക്കുക അപൂര്‍വമാണ്. മിക്കപ്പോഴും താടിയെല്ലിനെ പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചാലും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും പല്ലുസംബന്ധമായ പ്രശ്‌നങ്ങളായി അവഗണിക്കാറാണ് പതിവെന്നും ഡോക്ടർ വ്യക്തമാക്കി. താടിയെല്ലില്‍ തുടര്‍ച്ചയായി നീര്, വേദന, പല്ല് കാരണമില്ലാതെ കൊഴിഞ്ഞുപോവുക തുടങ്ങിയവയാണ് ഈ അർബുദത്തിന്റെ പ്രധാനലക്ഷണങ്ങള്‍. ചിലരില്‍ താടിയെല്ലില്‍ തരിപ്പും അനുഭവപ്പെടാം.