അടുത്തൊരു മഹാമാരി പൊട്ടിപ്പുറപ്പെടുക അമേരിക്കയിൽ നിന്നായേക്കാം എന്ന് മുന്നറിയിപ്പ്. സ്പെയിനിൽ നിന്നുള്ള ലാ വാംഗ്വാർഡിയ എന്ന ദിനപത്രത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്. എച്ച്5എൻ1 അഥവാ പക്ഷിപ്പനിക്ക് ജനിതകവ്യതിയാനം സംഭവിക്കുന്നത് തുടരുമെന്നും അമേരിക്കയിലുടനീളം പടരുമെന്നും ഇത് ഭാവിയിൽ മറ്റൊരു മഹാമാരിക്ക് കാരണമായേക്കാമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. വന്യമൃഗങ്ങളിൽ നിന്ന് വീട്ടിൽ വളർത്തുന്ന മൃഗങ്ങളിലേക്ക് വൈറസ് പകരാനുള്ള സാധ്യത വർധിക്കുകയും ഇതുവഴി മനുഷ്യരിൽ
രോഗവ്യാപനമുണ്ടാവുകയും ചെയ്യുമെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കയിലെ പക്ഷിപ്പനി വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് വ്യക്തമാക്കി. രോഗവ്യാപനം സംബന്ധിച്ച് രാജ്യങ്ങളെല്ലാം നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷംമാത്രം അമേരിക്കയിൽ 58പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിൽ രണ്ടുപേർക്ക് മൃഗസമ്പർക്കം ഇല്ലാതിരുന്നുവെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ& പ്രിവൻഷൻ വ്യക്തമാക്കി. രോഗമുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകുന്നവരുമുണ്ടാകാം എന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. പക്ഷിപ്പനി അടുത്തെത്തിയെന്നും ഏതുസമയവും പുതിയൊരു മഹാമാരിക്ക് കാരണമായേക്കാമെന്നുമാണ് അമേരിക്കയിൽ നിന്നുള്ള സാംക്രമികരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.