തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി.74 കാരിക്കാണ് കത്തീറ്റർ ചികിത്സയിലൂടെ വാൽവ് മാറ്റിവെച്ചത്. നടക്കുമ്പോൾ കിതപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഇടക്കിടെ ബോധംകെട്ടുവീഴൽ എന്നീ ലക്ഷണങ്ങളോടെയാണ് രോഗി ചികിത്സക്കെത്തിയത്. പരിശോധനകളിൽ ഹൃദയത്തിലെ അയോർട്ടിക് വാൽവ് വളരെയധികം ചുരുങ്ങിയതായി കണ്ടെത്തി. ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം പമ്പ് ചെയ്ത് എത്തിക്കാനാകില്ലായിരുന്നു. നെഞ്ചും ഹൃദയവും തുറന്ന് ചുരുങ്ങിയ വാൽവ് മുറിച്ചുമാറ്റി കൃത്രിമ വാൽവ് പിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ. എന്നാൽ, രോഗിയുടെ പ്രായവും ശാരീരികാവശതയും പരിഗണിച്ച് കത്തീറ്റർ ചികിത്സയുടെ സാധ്യത തേടുകയായിരുന്നു. മൂന്നു മണിക്കൂറെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. രോഗി സുഖംപ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.