രാജ്യത്തെ അർബുദരോഗചികിത്സയിൽ ആയുഷ്മാൻ ഭാരത് പദ്ധതി വലിയ നേട്ടമുണ്ടാക്കിയതായി പഠന റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചാൽ വേഗം ചികിത്സ തുടങ്ങാനായെന്ന നേട്ടമാണ് പദ്ധതിമൂലം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് ആശുപത്രികളിലെ രോഗികളെ കേന്ദ്രീകരിച്ചുനടത്തിയ പഠനം ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കിയ 2018-നുശേഷം വേഗത്തിലുള്ള ചികിത്സയിൽ 36 ശതമാനം നേട്ടമാണ് ഉണ്ടായിരിക്കുന്നത്. 20 ദിവസത്തിനുള്ളിൽപ്പോലും ചികിത്സ ആരംഭിച്ച സന്ദർഭങ്ങളുണ്ട്. രോഗം സ്ഥിരീകരിച്ച് 30 ദിവസത്തിനകം ചികിത്സ തുടങ്ങുകയെന്നതാണ് ഏറ്റവും ഗുണകരം. ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഡോ. പ്രിഞ്ച ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം 6695 രോഗികളുടെ വിവരമാണ് പഠിച്ചത്. 1995 മുതൽ 2017 വരെയുള്ള രോഗികളുടെ വിവരങ്ങളുമായാണ് പുതിയതിനെ താരതമ്യം ചെയ്തത്. ഇതിനെത്തുടർന്നാണ് ആയുഷ്മാൻ ഭാരതിന്റെ പ്രസക്തി വെളിവായതെന്ന് പഠനത്തിൽ പറയുന്നു. നിർധനർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സാമ്പത്തികം വിലങ്ങുതടിയാകുന്നെന്ന വസ്തുതയും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.