അല്പം കയ്പ്പുള്ള ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് പൊതുവെ ആരാധകര്‍ കുറവാണു. എന്നാല്‍ ഡാര്‍ക്ക് ചോക്ലേറ്റ്കള്ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നു പറയുകയാണ് പുറത്തുവരുന്ന ഒരു പഠന റിപ്പോര്‍ട്ട്. ഡാര്‍ക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാര്‍ഡ്വാഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഒരാഴ്ചയില്‍ 5 ഓ അതിലധികമോ തവണ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നവരെയാണ് പതിവായി കഴിക്കുന്നവരെന്ന് കണക്കാക്കുന്നത്. മില്‍ക്ക് ചോക്ലേറ്റുകളും പഠനത്തിന്റെ ഭാഗമായെങ്കിലും, ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണം മറ്റു ചോക്ലേറ്റുകള്‍ക്ക് ഇല്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. മില്‍ക്ക് ചോക്ലേറ്റുകള്‍ ധാരാളം കഴിക്കുന്നത് ഭാവിയില്‍ ശരീരം ഭാരം കൂടാനുള്ള കാരണമാകുമെന്നും പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്.