കർണാടകയിലെ ബല്ലാരി ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് സ്ത്രീകൾ മരിച്ചതായി റിപ്പോർട്ട്. സിസേറിയൻ ശസ്ത്രക്രിയക്കുശേഷം നൽകിയ ഐ.വി. ഫ്ലൂയിഡാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഐവി ഫ്‌ല്യൂയിഡ് ആശുപത്രിക്കായി വിതരണം ചെയ്ത പശ്ചിമബംഗാൾ ആസ്ഥാനമായ കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. സംഭവത്തിൽ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളറെ അന്വേഷണ വിധേയമായി സർക്കാർ സസ്പെൻഡും ചെയ്തിരുന്നു. അതേസമയം ആശുപത്രിയിലെ മാതൃമരണങ്ങളെപ്പറ്റി ലോകായുക്ത അന്വേഷണം തുടങ്ങി. മരണങ്ങളിൽ ലോകായുക്ത സ്വമേധയാ കേസെടുത്തിരുന്നു. ലോകായുക്ത എസ്.പി. എസ്. സിദ്ധരാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഐ.വി.ഫ്ലൂയിഡിന്റെ സാംപിളുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതിനിടെ കർണാടക സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഐവി റിംഗർ ലാക്റ്റേറ്റ് ലായനി ഉപയോഗിക്കുന്നത് നിർത്തിവച്ചതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് ബാച്ചുകളുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയർന്നതിനെത്തുടർന്ന്, മുൻകരുതൽ എന്ന നിലയിൽ 192 ബാച്ചുകളും ഉപയോഗിക്കുന്നത് നിർത്തിവച്ചതായി അദ്ദേഹം വ്യക്തമാക്കി. ഓരോ ജീവനും പ്രധാനമാണെന്നും ചികിത്സാരംഗത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.