വീട്ടുപ്രസവം നടത്തുന്ന പ്രത്യേകസംഘങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രചാരണം നടത്തുകയും വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി മാധ്യമ റിപ്പോർട്ട്

വീട്ടുപ്രസവങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ കാറ്റിൽ പറത്തുന്ന തരം വർത്തയാണിപ്പോൾ പുറത്തവരുന്നത്. വീട്ടുപ്രസവം നടത്തുന്ന പ്രത്യേകസംഘങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രചാരണം നടത്തുകയും വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി മാധ്യമ റിപ്പോർട്ട്. ഇത്തരക്കാരുടെ കുടുംബസംഗമങ്ങളും നടക്കുന്നുണ്ടെന്നാണ് വിവരം. ഇക്കൂട്ടരില്‍ ഡോക്ടര്‍മാരും അധ്യാപകരുമെല്ലാമുണ്ട് എന്നാണ് റിപ്പോർട്ട്. ആരോഗ്യവകുപ്പ് ഇതിനെതിരേ ബോധവത്കരണങ്ങളും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. എങ്കിലും രഹസ്യമായും പരസ്യമായും വീട്ടുപ്രസവങ്ങള്‍ തുടരുന്നു. സമാന്തര ചികിത്സാസംഘങ്ങളും ചില സാമുദായിക സംഘടനകളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്ത്രീക്ക് താത്പര്യമില്ലാഞ്ഞിട്ടും നിര്‍ബന്ധിച്ച് വീട്ടില്‍ പ്രസവിപ്പിക്കുന്ന സംഭവങ്ങളും ഏറെയാണെന്ന് റിപ്പോർട്ട് പറയുന്നു. വീടുകളിൽ പ്രസവിക്കുന്ന കേസുകളിൽ കുഞ്ഞിന് ലഭിക്കേണ്ട പ്രധാനപ്പെട്ട പരിചരണങ്ങൾ നഷ്ടമാകുന്നുണ്ട്. പ്രത്യക്ഷത്തിലുള്ള വൈകല്യങ്ങൾ, ഹൃദയസംബന്ധമായ തകരാറുകൾ, കേൾവി സംബന്ധവും കാഴ്ചസംബന്ധവുമായ കുഴപ്പങ്ങൾ, ഹോർമോൺ സംബന്ധമായ പ്രശ്‌നങ്ങൾ എല്ലാം പ്രസവാനന്തരം പരിശോധിച്ച് പരിഹാരങ്ങൾ ചെയ്യുന്നുണ്ട്. അതൊന്നും ഇക്കൂട്ടർക്ക് ലഭിക്കില്ല. ജനനത്തിലുണ്ടാകുന്ന കുഴപ്പങ്ങൾ കാരണം വർഷങ്ങൾ കഴിഞ്ഞാൽ കുഞ്ഞുങ്ങൾ രോഗിയാകുകയോ മരിക്കുകയോ ചെയ്യാം എന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.