ആന്റിബയോട്ടിക്കുകള്‍ക്ക് എതിരെയുള്ള രോഗാണുക്കളുടെ പ്രതിരോധത്തിന്റെ തോത് വിലയിരുത്താനും അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം പുറത്തിറക്കിയാതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. 2022ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം പുറത്തിറക്കുന്നത്. രാജ്യത്ത് ആദ്യമായി തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരളം ആന്റിബയോഗ്രാം പുറത്തിറക്കുന്നത്. കാര്‍സ്നെറ്റ് ശൃംഖലയില്‍ ഉള്‍പ്പെട്ട ത്രിതീയ ആരോഗ്യ കേന്ദ്രങ്ങളുടേതാണ് ഈ റിപ്പോര്‍ട്ട്. സംസ്ഥാന ആന്റിബയോഗ്രാം റിപ്പോര്‍ട്ടില്‍ നിന്നും ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് വലിയ ഭീഷണിയായി തന്നെ നിലനില്‍ക്കുന്നതായാണ് കാണുന്നത്. അതേ സമയം ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഫലമായി കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ ഈ വര്‍ഷം കുറവുണ്ടായി. ജില്ലാതല ആന്റിബയോഗ്രാം അടിസ്ഥാനമാക്കി എറണാകുളം ജില്ലയുടെ ആന്റിബയോട്ടിക് മാര്‍ഗരേഖ ഇന്നലെ പ്രകാശനം ചെയ്തു. ശക്തമായ ഹബ്ബ് ആന്റ് സ്പോക്ക് എഎംആര്‍ സര്‍വൈലന്‍സിലൂടെ അടുത്ത വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്നതാണെന്ന് ആരോഗ്യമന്ത്രി തന്റെ ഫേസ്ബുക്‌പേജിലൂടെ വ്യക്തമാക്കി.