അമിതമായി ശീതീകരിച്ചതും തണുപ്പുള്ളതുമായ വായു ശ്വസിക്കുന്നത് ആസ്ത്മ രോഗം കൂടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ത

അമിതമായി ശീതീകരിച്ചതും തണുപ്പുള്ളതുമായ വായു ശ്വസിക്കുന്നത് ആസ്ത്മ രോഗം കൂടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ത. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന ശരീരഭാഗമാണ് ശ്വാസനാളവും ശ്വാസകോശങ്ങളും. അക്കാരണത്താല്‍തന്നെ പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ് എന്നും സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. സോഫിയ സലിം മാലികിനെ ഉദ്ദരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അലര്‍ജി, ആസ്ത്മ, സിഒപിഡി , ഐഎല്‍ഡി, ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേക ശ്രദ്ധിക്കണം. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ചെയ്യുന്നവര്‍ അലര്‍ജിക്കുള്ള മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇന്‍ഹേലറുകളും കൈയില്‍ കരുതേണ്ടതാണ്. ആസ്ത്മ രോഗികള്‍ ഇന്‍ഹേലര്‍ മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് എടുക്കുക. അത്യാവശ്യ അവസരങ്ങളില്‍ എടുക്കുവാനുള്ള റിലീവര്‍ മരുന്നുകളും കൈയില്‍ കരുതുക. കൃത്യമായ ഇന്‍ഹേലര്‍ ഉപയോഗം തണുപ്പുകാലത്തുള്ള ശ്വസനപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.