മുടി കൊഴിച്ചിലിന് മരുന്ന് കഴിച്ച മാതാപിതാക്കള്‍ക്ക് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിച്ചതായി റിപ്പോര്‍ട്ട്

മുടി കൊഴിച്ചിലിന് മരുന്ന് കഴിച്ച മാതാപിതാക്കള്‍ക്ക് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിച്ചതായി റിപ്പോര്‍ട്ട്. സ്‌പെയിനിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം മുതല്‍ സ്‌പെയിനില്‍ ജനിച്ച 11 കുഞ്ഞുങ്ങളില്‍ അസാധാരണ രോമവളര്‍ച്ച കണ്ടെത്തിയതായി നവാര ഫാര്‍മക്കോ വിജിലന്‍സ് സെന്ററിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളില്‍ വലിയ തോതിലുള്ള രോമ വളര്‍ച്ച ഉണ്ടാകുന്നതാണ് ‘വൂള്‍ഫ് സിന്‍ഡ്രോം’ എന്നും അറിയപ്പെടുന്ന ഹൈപ്പര്‍ട്രൈക്കോസിസ്. മുഖത്തും കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അഞ്ച് സെന്റീമിറ്റര്‍ വരെ നീളമുള്ള രോമം വളരുന്നതാണ് പ്രധാന ലക്ഷണം. നിലവില്‍ ഹൈപ്പര്‍ട്രൈക്കോസിസിന് ചികിത്സ ലഭ്യമല്ല. ഇത് ബാധിച്ചവര്‍ രോമ വളര്‍ച്ച നിയന്ത്രിക്കുന്നതിന് ഷേവിംഗ്, വാക്‌സിംഗ് തുടങ്ങിയ രീതികളെ ആശ്രയിക്കേണ്ടി വരും. 2023ല്‍ മുലയൂട്ടുന്ന ഒരു കുഞ്ഞിന് രണ്ട് മാസത്തിനുള്ളില്‍ ശരീരത്തിലുടനീളം അമിത രോമ വളര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൂള്‍ഫ് സിന്‍ഡ്രോം ശ്രദ്ധയില്‍പ്പെട്ടത്. ടോപ്പിക്കല്‍ മിനോക്‌സിഡില്‍ അടങ്ങിയ മുടികൊഴിച്ചില്‍ പ്രധിരോധ ചികിത്സ കുഞ്ഞുങ്ങളെ പരിചരിക്കുന്നവർ ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ ചികിത്സ നിര്‍ത്തിയശേഷം കുട്ടിയുടെ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയതായും കണ്ടെത്തി. മിനോക്‌സിഡില്‍ എന്ന രോമ വളർച്ച മരുന്ന് ശിശുക്കളുടെ ആരോഗ്യത്തിന് അപകടകരമാണെന്നും ഹൈപ്പര്‍ട്രൈക്കോസിസ്സിലേക്ക് നയിച്ചേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.