പുകവലിക്കുന്നവർക്ക് മുന്നറിയിപ്പ്; വിലപ്പെട്ട 20 മിനിറ്റുകള്‍ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്

പുകവലിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു പഠനമാണിപ്പോൾ പുറത്തുവരുന്നത്. ഒരു വ്യക്തി ഓരോ തവണ പുകവലിക്കുമ്പോഴും അയാളുടെ ആയുസ്സിൽ നിന്നും വിലപ്പെട്ട 20 മിനിറ്റുകള്‍ നഷ്ടപ്പെടുമെന്ന് പഠന റിപ്പോർട്ട്. ഓരോ സിഗരറ്റിനുപുറത്തും സ്ത്രീകള്‍ക്ക് 22 മിനിട്ടും പുരുഷന്മാര്‍ക്ക് 17 മിനിട്ടുമാണ് നഷ്ടമാകുന്നത് എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. യു.കെ.യുടെ ആരോഗ്യ-സാമൂഹിക പരിചരണ വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ പഠനം നടത്തിയത്. ഒരാള്‍ എത്ര നേരത്തേ പുകവലി ഉപേക്ഷിക്കുന്നുവോ, അയാള്‍ക്ക് ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കുവാനുള്ള അവസരം അത്രയും കൂടുതല്‍ ലഭിക്കുമെന്ന് പഠനം പറയുന്നു. ‘പുകവലി നിര്‍ത്തുന്നത് ആരോഗ്യകരമായ ഭാവിയാണ് സമ്മാനിക്കുക. ആരോഗ്യമുള്ള ജീവിതത്തിലേക്കുള്ള ആദ്യചുവട് എടുത്തുവെക്കാന്‍ ഇനിയും വൈകിയിട്ടില്ല,’ എന്നാണ് പുതിയ റിപ്പോര്‍ട്ടിന്റെ അവസാനവരികള്‍.