കലൂർ സ്റ്റേഡിയത്തിൽ നിർമിച്ച ഗ്യാലറിയിൽ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി എന്ന് റിപ്പോർട്ട്. കാലു ചലിപ്പിക്കാനും കയ്യിൽ മുറുകെ പിടിക്കാനും പറഞ്ഞപ്പോൾ അനുസരിച്ചു. ട്യൂബിട്ടതിനാൽ സംസാരിക്കാൻ കഴിയില്ല. തലച്ചോറിലെ ക്ഷതങ്ങളിൽ പുരോഗതിയുണ്ട്. ശ്വാസകോശത്തിലെ പരുക്കാണ് വെല്ലുവിളി. എക്സ്റേയിൽ നേരിയ പുരോഗതിയുണ്ട്. വാരിയെല്ല് പൊട്ടിയതിനാൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം ഇനിയും പൂർണമായി മാറ്റാനായിട്ടില്ല. അത് ആന്റിബയോട്ടിക്കിലൂടെ മാറ്റണം. ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിൽനിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാലേ ഗുരുതരാവസ്ഥയിൽനിന്ന് മാറി എന്നു പറയാൻ കഴിയൂ എന്നും ഡോക്ടർമാർ വ്യക്തമാക്കി. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് മൃദംഗ വിഷൻ തയ്യാറാക്കിയ മെഗാ ഭരതനാട്യ പരിപാടിയുടെ ഉദ്‌ഘാടനപരിപാടിക്ക് എത്തിയപ്പോഴാണ് എംഎൽഎ 15 അടി ഉയരത്തിൽനിന്ന് വീണത്.