മലബാർ കാൻസർ സെന്റർ- പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള പുതിയ സംവിധാനം സജ്ജമായി. മലബാർ കാൻസർ സെന്റർ കെ- ഡിസ്കുമായി സഹകരിച്ചാണ് വയർലസ് ഇൻഫ്യൂഷൻ മോണിറ്ററിംഗ് എന്ന പദ്ധതി നടപ്പിലാക്കിയത്. ഡിസംബർ 26ന് എംസിസിയിൽ മുഖ്യമന്ത്രി നിർവഹിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ ഡ്രിപോ ഉപയോഗിച്ചുള്ള വയർലസ് ഇൻഫ്യൂഷൻ മോണിറ്ററിംഗ് സംവിധാനം എംസിസിയ്ക്ക് കൈമാറും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആരോഗ്യ മേഖലയിൽ നൂതനങ്ങളായ ആശയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എംസിസിയിൽ ഡ്രിപോ സംവിധാനം നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആർസിസിയിലും എംസിസിയിലും റോബോട്ടിക് സർജറി ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ കൊണ്ടുവന്നു. രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം ബ്ലഡ് ബാങ്കുകളിൽ നടപ്പിലാക്കി വരുന്നു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് സഹായകരമായി എ ഐ സാങ്കേതികവിദ്യയോടെ ജി ഗൈറ്റർ സ്ഥാപിച്ചു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനം എംസിസിയിൽ നടപ്പിലാക്കുന്നതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.