പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ചു

പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സ്കൂൾ വിട്ട് പോവുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. സിമന്‍റ് ലോഡ് കയറ്റി വന്ന ലോറി വിദ്യാര്‍ത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ലോറിക്കടിയിൽ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.