പാലക്കാട് അട്ടപ്പാടിയിലെ നവജാത ശിശുവിന്റെ ജീവൻ നൂതന ചികിത്സയിലൂടെ രക്ഷിച്ച് തൃശൂർ മെഡിക്കൽ കോളേജ്. ഗർഭാവസ്ഥയിൽ ഹൃദയയമിടിപ്പിന് വ്യതിയാനം കണ്ടതിനാൽ ജനന തീയതിയ്ക്ക് മുൻപേ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടിവന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ആധുനിക എച്ച്എഫ്ഒവി വെന്റിലേറ്റർ സൗകര്യവും ലക്ഷങ്ങൾ ചിലവ് വരുന്ന ഇൻഹേൽഡ് നൈട്രിക് ഓക്സൈഡ് ചികിത്സയും ലഭ്യമാക്കിയാണ് കുഞ്ഞിന്റെ ആരോഗ്യം കാത്തത്. വിദഗ്ധ ചികിത്സ നൽകി കുഞ്ഞിന്റെ ജീവൻ രക്ഷിച്ച മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശ്വാസതടസം അനുഭവപ്പെട്ടതിനാൽ കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും സ്ഥിതി സങ്കീർണമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. ഉടൻ തന്നെ കുഞ്ഞിനെ നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി. രണ്ട് ശ്വാസകോശങ്ങളിലും ട്യൂബ് ഇട്ടാണ് വിദഗ്ധ പരിചരണമൊരുക്കിയത്. എസ്എൻസിയുവിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മൂന്നാഴ്ചയിലേറെ നീണ്ട തീവ്രപരിചരണത്തിലൂടെയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്താനായത്. പൂർണ ആരോഗ്യവാനായ കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറിയാതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.