സാമൂഹികനീതിവകുപ്പിന്റെ കീഴിലുള്ള ‘ഓർമ്മത്തോണി പദ്ധതി’പ്രതിസന്ധിയിലെന്ന് മാധ്യമ റിപ്പോർട്ട് . മറവിരോഗം അനുഭവിക്കുന്ന വയോജനങ്ങൾക്ക് സഹായമാകേണ്ട പദ്ധതിയാണ് ഓർമ്മത്തോണി . അറുപതുവയസ്സിന് മുകളിലുള്ളവരുടെ വീടുകളിലെത്തി മറവിരോഗം കണ്ടെത്തി അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷമാദ്യം ഓർമ്മത്തോണി പ്രഖ്യാപിച്ചത്. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവർക്ക് പരിചരണത്തിലൂടെ രോഗതീവ്രത കുറയ്ക്കാനും ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുമുള്ള സഹായം ലഭ്യമാക്കും. ഹെൽപ്പ്ലൈൻ, വെബ്സൈറ്റ്, കെയർ സെന്റർ, ഓർമ്മ ക്ലിനിക് എന്നിവയിലൂടെയാണ് പരിചരണം നൽകുക. രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലാ മാനസികാരോഗ്യപദ്ധതിയിലേക്കും തൊട്ടടുത്ത ആശുപത്രിയിലേക്കും റഫർ ചെയ്യും. മരുന്നുകൾ വയോമിത്രം പദ്ധതിയിലൂടെ ലഭ്യമാക്കും. എന്നിങ്ങനെയുള്ള സേവനങ്ങളാണ് പദ്ധതിയിലുടെ ലക്ഷ്യമിട്ടത്. എന്നാൽ വയോജനങ്ങൾക്ക് കൈത്താങ്ങാവുമായിരുന്ന ഈ പദ്ധതിയുടെ പ്രവർത്തനങ്ങളാണ് എങ്ങുമെത്താതെ നിശ്ചലമാവുന്നത്. സംസ്ഥാന സാമൂഹികസുരക്ഷാമിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിവന്നിരുന്നത്.