കോഴിക്കോട് 25കാരിയുടെ മരണകാരണം ചെള്ളുപനി മൂലമാണെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ

കോഴിക്കോട് ചെള്ളുപനി സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോട് കോർപറേഷൻ പരിധിയിലെ 25കാരിയുടെ മരണകാരണം ചെള്ളുപനി മൂലമാണെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ 11നാണ് മരിച്ചത്. കൊമ്മേരിയിൽ നേരത്തേ മറ്റൊരാൾക്കും ചെള്ളുപനി ബാധിച്ചിരുന്നു. വിറയലോടുകൂടിയ പനി, തലവേദന, കണ്ണുചുവക്കൽ, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നിവയാണ് ചെള്ളുപനിയുടെ പ്രധാന ലക്ഷണങ്ങൾ. എലി, അണ്ണാൻ, മുയൽ തുടങ്ങിയ ഭക്ഷണം കരണ്ടുതിന്നുന്ന ജീവികളിൽനിന്നാണ് പൊതുവെ ഈ രോഗം മനുഷ്യരിലേക്ക് പകരുക. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ള് കടിച്ച് 10 മുതൽ 12 വരെ ദിവസം കഴിയുമ്പോഴാണ് മനുഷ്യരിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.