സര്‍ക്കാര്‍ ആശുപത്രികള്‍ ഡിജിറ്റലൈസ് ചെയ്യുന്ന ഇ-ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തന മികവില്‍ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകള്‍ മുന്‍പിലെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്, എറണാകുളം ജില്ലകളാണ് പിന്നില്‍. ഇ-ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ചുള്ള ആശുപത്രി സന്ദര്‍ശനം, ഇ-ഹെല്‍ത്ത് സേവനങ്ങള്‍ ലാബുകളിലും ഫാര്‍മസികളിലും ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്. ഓരോ ജില്ലയിലെയും ഇ-ഹെല്‍ത്ത് കാര്‍ഡ് ജനങ്ങളിലേക്ക് എത്തിയതിന്റെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവും പിന്നില്‍ എറണാകുളം ജില്ലയാണ്. ജില്ലയിലെ 40 ശതമാനം ജനങ്ങള്‍ മാത്രമാണ് ഇ-ഹെല്‍ത്ത് സേവനങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്. 2016-ല്‍ ആരംഭിച്ച ഇ-ഹെല്‍ത്ത് പദ്ധതിയില്‍ യു.എച്ച്.ഐ.ഡി. കാര്‍ഡിലൂടെ ചികിത്സകള്‍ ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്. ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ പെര്‍മനന്റ് രജിസ്‌ട്രേഷന്‍ നടത്തിയാല്‍ പ്രൈമറിതലം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ചികിത്സ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. കേരളത്തിലെ എത് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും ചികിത്സയുടെയും നടത്തിയ ടെസ്റ്റുകളുടെയും വിവരങ്ങളും ലഭിക്കും.