വർഷങ്ങൾക്കു മുൻപു കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്നു പുറത്തെടുത്ത് ഡോക്ടർമാർ. മുണ്ടംവേലി സ്വദേശിയായ 44കാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലൂടെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്. വിട്ടുമാറാത്ത പനിയും ചുമയുമായി ചികിത്സ തേടിയ യുവതിക്ക് നടത്തിയ എക്സ്റേ പരിശോധനയിലാണു മൂക്കുത്തിയുടെ ശങ്കീരി ശ്വാസകോശത്തിന്റെ വലതു കീഴ്ഭാഗത്തു തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് റെസ്പിറേറ്ററി മെഡിസിൻ മേധാവിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ കൂടാതെ ഫൈബ്രോട്ടിക് ബ്രോങ്കോസ്കോപ്പി വഴി മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. 2 ദിവസത്തെ വിശ്രമത്തിനു ശേഷം യുവതി ആശുപത്രി വിട്ടതായി അധികൃതർ വ്യക്തമാക്കി.