ന്യൂഡൽഹിയിൽ 14-കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത് 65 വസ്തുക്കൾ എന്ന് റിപ്പോർട്ട്. ബാറ്ററികൾ, റേസർ ബ്ലേഡുകൾ, ചങ്ങല, സ്ക്രൂ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് വയറ്റിലുണ്ടായിരുന്നത്. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഉത്തർപ്രദേശിലെ ഹാഥ്റസ് സ്വദേശിയായ ആദിത്യ ശർമ്മ എന്ന 14-കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കുടലിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വയറ്റിലുണ്ടായിരുന്ന വസ്തുക്കൾ കുട്ടി സ്വയം വിഴുങ്ങിയതാകാം എന്നാണ് അനുമാനിക്കുന്നത്. ഒക്ടോബർ 13-നാണ് മകന് ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. തുടർന്ന് ആഗ്ര, ജയ്പുർ, അലിഗഢ്, നോയ്ഡ, ഡൽഹി എന്നിവിടങ്ങളിലെ ആശുപത്രികളിൽ കുട്ടിയെ കാണിച്ചിരുന്നുവെന്നും കുട്ടിയുടെ ഉള്ളിൽ നിന്ന് ചില വസ്തുക്കൾ ഇവിടങ്ങളിൽനിന്ന് പുറത്തെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.