നവജാത ശിശു നിരവധി വൈകല്യങ്ങളോടെ ജനിച്ചതിന്റെ പേരില്‍ വിവാദമായ ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. ആശുപത്രിയില്‍ നടന്ന പ്രസവത്തില്‍ കുഞ്ഞിന്റെ കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന് കാട്ടി ആലപ്പുഴ സ്വദേശികളായ കുടുംബമാണ് രംഗത്തെത്തിയിരിക്കുന്നത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ വിഷ്ണുദാസ്-അശ്വതി ദമ്പതിമാരുടെ മകന്‍ വിഹാന്‍ വി. കൃഷ്ണയ്ക്കാണ് ഇപ്പോഴും വലതു കൈയുടെ സ്വാധീനം തിരിച്ചു കിട്ടാത്തത്. കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളില്‍ കയ്യുടെ തകരാര്‍ ഭേദമാകുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും ഒരു വര്‍ഷമായിട്ടും മാറ്റമൊന്നുമില്ലെന്നും കുടുംബം പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയ് മൂന്നിനായിരുന്നു വിഹാന്റെ ജനനം. വാക്വം ഡെലിവറിയിലൂടെ പുറത്തെടുത്ത കുഞ്ഞിന് വലതുകൈയ്ക്ക് സ്വാധീനമില്ലായിരുന്നു. കൈവിരലിലും അനക്കമുണ്ടായില്ല. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് വാക്വം ഡെലിവറിയിലെ പിഴവാണ് കാരണമെന്ന് വ്യക്തമായതെന്ന് പിതാവ് വിഷ്ണു പറയുന്നു. കുഞ്ഞിനെ വലിച്ചെടുത്തപ്പോള്‍ പറ്റിയ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രസവശേഷം തുന്നല്‍ ചെയ്യാതെ മണിക്കൂറുകളോളം വൈകിപ്പിച്ചെന്നും ഇത് കാരണം അമിത രക്തസ്രാവം സംഭവിച്ചെന്നും ഭാര്യ അശ്വതിയും വെളിപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍ വിഷ്ണുദാസ് കുറച്ചുദിവസം മുന്‍പ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചിരുന്നെന്നും ഹാജരാക്കിയ ചികിത്സാരേഖകള്‍ മെഡിക്കല്‍ ബോര്‍ഡിനു കൈമാറുമെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.